മൗലിദ് തെളിവെഴുത്ത്

Celebration of Prophet's Birthday

بسم اللّه الرحمن الرحيم

الحمد للّه رب العالمين، والصلاة والسلام علی سيدنا محمد وعلی آله وصحبه أجمعين، أمّا بعد

ലോകാനുഗ്രഹി മുത്ത് നബി (സ്വ)യുടെ ജന്മദിനം പവിത്രമാണ്. ആ തിരു ജന്മത്തിൽ സത്യവിശ്വാസികൾക്ക് സന്തോഷവും ആഹ്ലാദവുമുണ്ടാവൽ സ്വഭാവികമാണ്. സന്തോഷവേളകൾ സുകൃതങ്ങൾ കൊണ്ട് ധന്യമാക്കൽ സത്യവിശ്വാസികളുടെ ലക്ഷണവുമാണ്.

ഈ നിലക്ക് തിരുജന്മദിനം ആഘോഷിക്കുകയെന്നത് മുസ്ലിം ലോകത്ത് പരക്കെ സ്വീകാര്യത നേടിയതും അവിതർക്കവുമായ പുണ്യകർമ്മമാണ്. അത്തരം വിഷയങ്ങളിൽ തർക്കിക്കുന്നത് വിശ്വാസികൾക്ക് ഭൂഷണമല്ല തന്നെ.

പക്ഷേ, ഇസ്ലാമിക വിശ്വാസങ്ങളെയും കർമ്മങ്ങളെയും മലിനപ്പെടുത്താൻ ഒരുമ്പെട്ടിറങ്ങിയ ബിദഇകൾ തിരുനബിയോടുള്ള സ്നേഹവും ആദരവും വിശ്വാസികളിൽ നിന്ന് പിഴുതുമാറ്റാൻ കുത്സിത നീക്കം നടത്തുകയും അതിന് വേണ്ടി പ്രമാണങ്ങളെയും ചരിത്രത്തെയും വളച്ചൊടിക്കുകയും ചെയ്യുമ്പോൾ മൗനിയായിരിക്കൽ അല്ലാഹു വിൻ്റെയും അവൻ്റെ റസൂലിൻ്റെയും ശാപമേൽക്കാൻ കാരണമാവും.

അതോടൊപ്പം നമ്മുടെ ആദർശത്തിൻ്റെ കനവും കഴമ്പും സമൂഹത്തെ ബോധ്യപ്പെടുത്തുകയും എതിർ ശബ്ദങ്ങളുടെ പ്രാമാണിക വൈകല്യങ്ങൾ തുറന്നു കാണിക്കുകയും ചെയ്തു തിരുനബിയുടെ സുന്നത്തിനെ ഇഹ്‌യാഉ ചെയ്യാനുള്ള ഒരു എളിയ ശ്രമമെങ്കിലും നടത്തിയതിന്റെ പേരിൽ അവിടുന്ന്‌ ഇ വിനീതനെ പരിഗണിച്ചെങ്കിലോ എന്ന പ്രത്യാശയുമാണ് ഇത്തരം ഒരു ഉദ്യമത്തിന് പ്രേരിപ്പിച്ചത്.

ഉസ്താദുമാരുടെ തികഞ്ഞ പിന്തുണയും ദുആയും പ്രതീക്ഷിക്കുന്നു. സ്ഖലിതങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉണർത്തണമെന്ന് വായനക്കാരോട് സവിനയം അഭ്യർത്ഥിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയത്ത് ചെയ്യുന്നു.

Comments